Friday 5 August 2016

ഒരു ജൂലൈ 19 2016, എഫ്ബി പോസ്റ്റ്‌.

കുറച്ച് സംസാരിക്കുകയും കൂടുതൽ യാത്ര ചെയ്യുന്നവനുമായി മാറുക. അപ്പോൾ നിങ്ങൾ വലിയ ഒരു കഥ പറച്ചിൽകാരനായി മാറിയിട്ടുണ്ടാകും
_ ഇബ്നു ബത്തൂത്ത
യാത്രകൾ ചെയ്യുന്നത് എന്തിനാണ് എന്നതിന് മറുപടി ഒന്നും ഉണ്ടാകണമെന്നില്ല. അതല്ലങ്കിൽ ഉത്തരമില്ല എന്ന് തന്നെ പറയാം. ഉത്തരങ്ങൾ ഇല്ലാത്ത, ലക്ഷ്യങ്ങൾ ഇല്ലാത്ത, യാത്ര തന്നെ ലക്ഷ്യമായ യാത്രകൾ. എവിടെ /എപ്പോൾ എന്ന് പറയാൻ കഴിയാത്ത തരത്തിലുള്ള യാത്രകളാണ് എനിക്ക് പ്രിയങ്കരവും.
യാത്രകൾക്കിടയിൽ പ്രതീക്ഷിക്കാതെ കടന്ന് വരുന്ന അതിഥികൾ ഉണ്ടാകും. യഥാർത്ഥത്തിൽ അത്തരം ആളുകളിലേയ്ക്കാണ് എന്റെ യാത്രകൾ ചെന്നെത്താറുള്ളതും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കൊണ്ട് തന്നെ പലതരത്തിലുള്ള സംഭവ വികാസങ്ങളിൽ പെട്ട് പോകാറുമുണ്ട്. ചില കാഴ്ചകൾ കാണാത്തത് പോലെ കടന്ന് പോകേണ്ടി വരും. മറ്റ് ചിലതിൽ നമുക്ക് ഒരു വേഷം ആടി തീർക്കേണ്ടിയും വരാം. ഇത്തരം യാത്രാനുഭവങ്ങൾ കെട്ട്കഥകളേക്കാൾ വിചിത്രമാകും. അത് കൊണ്ട്തന്നെ അത്തരം കഥകൾ എല്ലാവരോടും കൊട്ടിഘോഷിച്ച് പറയാനുമാകില്ല.
യാത്രയെ സ്നേഹിക്കുന്ന, അതിന്റെ യഥാർത്ഥ സത്ത അറിയുന്നവർക്ക് മഹാവിദ്യ കൈമാറുന്നത് പോലെ കൈമാറേണ്ടുന്ന മന്ത്രമാണ് ചില യാത്രാക്കുറിപ്പുകൾ.

പോസ്റ്റ് ഇടാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്നവർക്കിടയിൽ നിൽക്കുമ്പോൾ നമ്മൾ എന്ത് പോസ്റ്റിടാനാണ്? ഏറ്റവും പ്രിയപ്പെട്ടവർക്കിടയിൽ, യാത്രയുടെ ലഹരി അറിയുന്നവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന തരം യാത്രകളാണ് സംഭവിച്ചിട്ടുള്ളതും. അത്തരം അനുഭവങ്ങൾ തുറന്ന് പറയാനെ കഴിയു.
ഇന്ത്യയിലെ അവസാന വില്ലേജ് ആയ മന യിലും, നദിയിലും തുർതുക്കിലുംഒക്കെ ആയിട്ട് കുറെ ദിവസങ്ങൾ. പിന്നെ മഞ്ഞ് മലകളിലെ ഷേർപ്പകൾക്കൊപ്പം. പിന്നെ കുറച്ച് അഹോരികൾക്കൊപ്പം, മുനിമാർക്കൊപ്പം, ബുദ്ധിസ്റ്റുകൾക്കൊപ്പം, മാവോയിസ്റ്റ് എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട മനുഷ്യർക്കൊപ്പം, ലോറിക്കാർക്കൊപ്പം, ആട്ടിടയൻമാർക്കൊപ്പം, പാഴ്സൽ സർവ്വീസുകാർക്കൊപ്പം... അങ്ങിനെ പലർക്കൊപ്പം അവരിലൊരാളായി മാറിയ ദിവസങ്ങൾ എല്ലാം യാത്രയിൽ സംഭവിച്ചിട്ടുണ്ട്. അത്തരം കഥകൾ യാത്രയെ അത്രയധികം സ്നേഹിക്കുന്നവർക്കിടയിൽ മാത്രമായി തുറക്കുന്നതാണ്....
(ഇതോടൊപ്പമുള്ള ചിത്രം നാട്ടിൽ വന്ന് കുറച്ച് ദിവസം കഴിഞ്ഞ് എടുത്തതാണ്)

No comments:

Post a Comment