Sunday 10 May 2015

രാജു ഭായ്



സുഹൃത്തുക്കളെ ,
അങ്ങനെ ഏപ്രില്‍ പതിനാറു മുതല്‍ മെയ്‌ 9 വരെ നീണ്ട എന്‍റെ സഞ്ചാരം പതിമ്മൂന്നു സംസ്ഥാനങ്ങളും 6264 കിലോമീറ്ററുകളും പിന്നിട്ടു തിരിച്ചെത്തിയിരിക്കുന്നു . ഈ യാത്ര വളരെയേറെ വ്യത്യസ്തമായ , നല്ലതും , മോശവുമായ ഒട്ടേറെ അനുഭവങ്ങള്‍ എനിക്ക് തന്നു . ഒന്ന് പറഞ്ഞാല്‍ ,പോയ ആള്‍ അല്ല തിരിച്ചെത്തിയ ആള്‍ എന്ന് പറയുന്നത് ശരിയായിരിക്കും . കാരണം , നമ്മുടെ നാട് , ജനങ്ങള്‍ , ജീവിതങ്ങള്‍ , സംസ്കാരങ്ങള്‍ ഇവയെക്കുറിച്ച് എല്ലാം എന്‍റെ ചില കാഴ്ചപ്പാടുകള്‍ തിരുത്തേണ്ടി വന്നു എന്നുള്ളതാണ് വാസ്തവം . എന്തായാലും എന്‍റെ യാത്രാനുഭവങ്ങള്‍ ഞാന്‍ ഇവിടെ എഴുതി തുടങ്ങുകയാണ് . ഇതൊരു ദൈനംദിന വിവരണം അല്ല . ചില നുറുങ്ങുകള്‍ മാത്രം ..(വളരെ സീരിയസ്സായുള്ള കാര്യങ്ങളും അനുഭവങ്ങളും യാത്രയുടെ ലക്ഷ്യങ്ങളും എല്ലാം ഒരു ബ്ലോഗില്‍ എഴുതാമെന്ന് കരുതുന്നു.അതിന് അല്‍പ്പം സമയം എടുക്കും. അതുവരെ ഈ കുറിപ്പുകളിലൂടെ നമുക്ക് സഞ്ചരിക്കാം )

ഈ അനുഭവം തിരിച്ചുള്ള വഴി ആദ്യം ഹംപിയില്‍ നിന്നാകട്ടെ ..
എന്‍റെ യാത്രയുടെ പതിനെട്ടാം ദിവസം . ഹൈദരാബാദിലെ മെഹബൂബ് നഗറില്‍ നിന്നും .280 കിലോമീറ്റര്‍ പിന്നിട്ട് ഉച്ചക്ക് ശേഷം 3 മണിക്ക് ഞാന്‍ ഹംപിയില്‍ എത്തി . പിറ്റേദിവസം വിശദമായി കാണാന്‍ ആയിരുന്നു പരിപാടി . എന്തായാലും വൈകുന്നേരം വരെ ഞാന്‍ വിരൂപക്ഷ ക്ഷേത്രത്തിന്റെ പരിസരങ്ങള്‍ ഒക്കെ ചുറ്റി നടന്നു കണ്ടു . അവിടെ കുറച്ചു ഗൈഡുകള്‍ ഒക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട് .
'' സര്‍ , റൂം വേണോ ? 500 , 750, 1000 വാടക ആകും . ''
ഞാന്‍ എന്തായാലും അന്നേ ദിവസം ഒരു ഹോട്ടലില്‍ തങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല ; പക്ഷെ ഇവര്‍ കൂടുതല്‍ വാടകയാണ് പറയുന്നത് . ഈ പറയുന്ന വാടക കൊടുക്കേണ്ടുന്ന ഹോട്ടല്‍ ഒന്നും ആ പരിസരത്തില്ല എന്ന് എനിക്ക് വന്ന വഴിക്ക് തന്നെ മനസ്സിലായി . കുറച്ചു നേരം കൂടി കഴിഞ്ഞു . അപ്പോള്‍ ഗൈഡ് ആണെന്നൊന്നും തോന്നാത്ത ഒരാള്‍ അടുത്ത് വന്നു .
'' സര്‍ ഇവിടെ അടുത്ത് നല്ല ഹോട്ടല്‍ മുറി ഉണ്ട് . ''
'' എനിക്ക് വേണ്ട , ഞാന്‍ ഇന്ന് തന്നെ മടങ്ങും .'' അയാള്‍ പിന്നെ എന്നെ മൈന്‍ഡ് ചെയ്യാതെ മാറിനിന്നു. പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ . അപ്പോള്‍ ഞാന്‍ പതുക്കെ അയാളോട് ചോദിച്ചു 
'' നിങ്ങള്‍ ഗൈഡ് തന്നെ ആണോ ? എവിടെയാണ് വീട് ?''
'' ഇവിടെ അടുത്ത് തന്നെയാണ് എന്‍റെ വീട് . കൃഷിക്കാരന്‍ ആണ് . പിന്നെ വൈകുന്നേരം ഇവിടെ വന്നു റൂം ഒക്കെ വേണ്ടവര്‍ക്ക് ഏര്‍പ്പാടാക്കും . ഹോട്ടലുകാര്‍ നൂറോ നൂറ്റമ്പതോ കമ്മീഷന്‍ തരും.'' ഇത്രയും അയാള്‍ തുറന്നു പറഞ്ഞത് ഞാന്‍ ഉടനെ മടങ്ങും എന്ന് തോന്നിയിട്ടാണ് .!
'' ശരി . നിങ്ങളുടെ വീട്ടില്‍ എന്നെ കൂടി താമസിപ്പിക്കാമോ ?'' 
അയ്യോ സാറേ , എന്റെത് ഒരു കൊച്ചു വീടാണ് . രണ്ടു മുറി മാത്രമേയുള്ളൂ ' 
എനിക്ക് ഹോട്ടല്‍ വേണ്ട . വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണവും കിടക്കാന്‍ ഒരിടവും മതി , ഞാന്‍ പറഞ്ഞു , '' വീട്ടില്‍ ആരൊക്കെയുണ്ട് ?
'' ഞാന്‍ , ഭാര്യ , പ്ലസ്‌ ടു കഴിഞ്ഞ മകന്‍ .. ഒരു മിനിറ്റു സര്‍ .''
അയാള്‍ കുറച്ചു മാറി നിന്നു ഫോണില്‍ സംസാരിച്ചു . ഭാര്യയോട്‌ ആയിരിക്കണം . എന്നിട്ട് തിരിച്ചു വന്നു .
ശരി സര്‍ നമുക്ക് പോകാം , ഇവിടെ അടുത്ത് തന്നെ ആണ് .! ഞാന്‍ അയാളെ ടെന്സിങ്ങിന്റെ പിന്നില്‍ ഇരുത്തി .ക്ഷേത്രത്തിന്റെ വശത്തുള്ള ഇടവഴിയിലൂടെ കുറച്ചു ദൂരം പോയപ്പോള്‍ വഴതോപ്പിനു നടുവില്‍ ഒരു കൊച്ചുവീട് ! 
ഇതാണ് സര്‍ . രണ്ടു മുറിയുണ്ട് . ഒന്ന് അടുക്കള , മറ്റേത കിടപ്പുമുറി.
സംഗതി സെറ്റപ്പ് എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു .
നല്ല ഗ്രാമം , പച്ചപ്പ്‌ നിറഞ്ഞുനില്‍കുന്ന പറമ്പിന് നടുവില്‍ ചെറിയൊരു വീട് . കൊള്ളാം ഗംഭീരം ഞാന്‍ മനസ്സില്‍ പറഞ്ഞു ' ഞാന്‍ തേടിയത് ഇത് തന്നെ , അത് തന്നെ കാലില്‍ ചുറ്റി !!
രണ്ടു മുറി വീടിനു മുന്‍പില്‍ ഓല കെട്ടി ഒരു പന്തല്‍ പുര ഉണ്ട് . ആ ഭാഗങ്ങളില്‍ സാധാരണമയുള്ള ഒരു എടുപ്പാണ് അത് . അവിടെ ടെന്‍സിങ്ങിനെ സ്വസ്ഥമായി വിശ്രമിക്കാന്‍ വെച്ചു അതിന്റെ ബാക്കി സ്ഥലത്ത് കയറുകട്ടില്‍ കൂടി കിടപ്പുണ്ട് . അത് ചൂണ്ടിക്കാണിച്ചു അയാള്‍ പറഞ്ഞു .
'' സാര്‍ , ഇവിടെ സൌകര്യമായി കിടക്കാം . വാടക 300 രൂപ !!''
ങേ ! ഈ മുറ്റത്ത്‌ കിടക്കാന്‍ മുന്നൂറു രൂപയോ ? ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി . ഇയാള്‍ ആള് കൊള്ളാമല്ലോ ?
എന്താ നിങ്ങളുടെ പേര് ?
രാജു സര്‍ , എന്താ സര്‍ ?
എന്‍റെ പേര് നിങ്ങള്‍ക്കറിയാമല്ലോ . ഞാന്‍ ആരുടെ കൂടെയാണ് താമസിക്കുന്നത് എന്ന് എനിക്കറിയണ്ടെ , എന്ന് ഞാന്‍ .
ഇതെന്‍റെ ഭാര്യ മംഗളമ്മ , അവിടെ ഒത്തൊരു ആണിന്റെ ഭാവഹാവാദികളോടെ നിന്നിരുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി രാജു ഭായ് പറഞ്ഞു. . പിന്നൊരു മകന്‍ , ചിരഞ്ജീവി . ചിരഞ്ജീവി തല്‍കാലം സീനില്‍ ഇല്ലാത്തതും പ്ലസ്‌ ടുവിനു പഠിക്കുന്നു എന്ന് പറയപ്പെടുന്നതുമാണ് .
ഉം , അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ് . സ്വാഭാവികമായി എന്‍റെ കണ്ണ് അടുക്കളയല്ലാത്ത രണ്ടാമത്തെ മുറിയിലേക്ക് തിരിഞ്ഞു . 
'' ഈ മുറി എനിക്ക് കിടക്കാന്‍ തരാമോ?'' 
കാരണങ്ങള്‍ ഉണ്ട് . എനിക്ക് ഗോപ്രോ , ഡി.എസ് . എല്‍ .ആര്‍ , ഫോണ്‍ തുടങ്ങിയവ ചാര്‍ജ് ചെയ്യണം . പിന്നെ സാധനങ്ങള്‍ സുരക്ഷിതമായി വെക്കുകയും വേണം .
രാജു ഭായിക്ക് പൂര്‍ണ്ണസമ്മതം . 
ഞാന്‍ മുറി ഒന്ന് കണ്ടോട്ടെ ?
ഓ അതിനെന്താ ?
മുറി കൊള്ളാം , കട്ടിലും ടിവി യും ഒക്കെ യുണ്ട് . മുഷിഞ്ഞ മണവും നന്നായി തന്നെയുണ്ട് .
'' വാടക 600 രൂപയാകും സര്‍ , പിന്നെ കട്ടിലില്‍ വേറെ ബെഡ് ഷീറ്റ് വിരിച്ചു തരാം .'' ഒരു സൌജന്യം തരുന്ന മട്ടില്‍ രാജുഭായി പറഞ്ഞു .
ഈ കുടുസ്സു മുറിക്കു ഇത്രേം തുകയോ ? എനിക്ക് ചെറിയ രീതിയില്‍ ദേഷ്യം വന്നു തുടങ്ങി . ഇയാള്‍ അറപ്പന്‍ ആണല്ലോ .
കുറച്ചു നേരം ആലോചിച്ചിട്ട് അയാള്‍ പറഞ്ഞു . '' ഒകെ സാര്‍ 400 രൂപ ,ഭക്ഷണം 200 രൂപ ! അദേ , സാറ് എത്ര ദിവസം കാണും ?
ഒരു ... രണ്ടു ദിവസം ..
സാറിന്റെ ഇഷ്ടം . കാലത്ത് പത്തു മണിക്കാണ് ചെക്ക് ഔട്ട്‌ ടൈം !! ഈ യാത്ര തുടങ്ങിയതില്‍ പിന്നെ ശരിക്കും ഞാന്‍ ഞെട്ടിയത് ഇപ്പോഴാണ്‌ കേട്ടോ ! ( ഇനീം എത്ര ഞെട്ടാന്‍ ഇരിക്കുന്നു ! അതപ്പോള്‍ അറിഞ്ഞില്ല )
ഈ ബിസിനസ്‌ ചര്‍ച്ചക്കിടയില്‍ മംഗളമ്മ മുറി അടിച്ചുവാരി അവരുടെ കുറച്ചു സാധനങ്ങള്‍ ഒക്കെ എടുത്തു അടുക്കള മുറിയില്‍ വെച്ചു . ഞാന്‍ കുടിയേറുകയും ചെയ്തു .
എല്ലാം അണ്‍ പാക്ക് ചെയ്തു . അത്യാവശ്യം ആയി ഇനി വേണ്ടത് കുളിക്കുകയാണ് .
വീട്ടില്‍ ടോയിലെറ്റ് ഉണ്ടെന്നു നേരത്തെ തന്നെ രാജു പറഞ്ഞിരുന്നു . അതാണല്ലോ യാത്രയിലെ ഒരു അത്യാവശ്യ ഘടകം . 
അവിടെ കുളിക്കാം .. വീടിന്റെ വശത്തുള്ള ഒരു മറ കാണിച്ചു രാജു പറഞ്ഞു . സാറിന് മൂന്ന് ഷവര്‍ തരും . ഞങ്ങള്‍ക്ക് രണ്ടു ഷവര്‍ ആണ് . സാറിന് സ്പെഷ്യല്‍ ഒരു ഷവര്‍ കൂടി . ഞാന്‍ കണ്ണും തള്ളി നില്‍ക്കുമ്പോള്‍ രാജു രണ്ടു കയ്യിലും ഓരോ കുടം വെള്ളവും ആയി വന്നു .
ഇതാണ് ഷവര്‍ !
ഞാന്‍ മൂന്ന് ഷവറില്‍ കുളിച്ചു വന്നപ്പോഴേക്കും നല്ല ഒന്നാന്തരം കട്ടഞ്ചായ മംഗളമ്മ ഉണ്ടാക്കിയിരുന്നു .നന്നായി..., കൈപ്പുണ്യം ഉണ്ടല്ലോ !
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ രാജു ഒരു പഴഞ്ചന്‍ കടലാസ് കഷണവും ആയി വന്നു . ചിരഞ്ജീവി ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള ബുക്കില്‍ നിന്നും കീറി എടുതതയിരിക്കണം .
സാറേ , സാറിന്റെ അഡ്രസ്സും ഫോണ്‍ നമ്പറും ഇതില്‍ ഒന്നെഴുത്ണം
ഞാന്‍ എന്‍റെ വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു കൊടുത്തു. ഇതില്‍ എല്ലാമുണ്ട് . അയാള്‍ കാര്‍ഡ്‌ തിരിച്ചും മറിച്ചും നോക്കി പോക്കെറ്റില്‍ വെച്ചു പരുങ്ങി നിന്നു 
എന്താ ?
അത് സര്‍ , ഒരു അമ്പതു രൂപ കൂടി വേണം .
??
കമ്മീഷന്‍ ആണ് !
നിങ്ങളുടെ വീട് , നിങ്ങളുടെ മുറി , അതിനു കമ്മീഷന്‍ ചോദിക്കുന്നോ ഈ പണ്ടാരം ???!!!
അത് പിന്നെ ബിസിനെസ്സ് അല്ലെ സര്‍ , കമ്മീഷന്‍ വേണം .
അയാള്‍ക്ക് ഞാന്‍ രണ്ടു ദിവസം വാടകയും ഭക്ഷണവും ചേര്‍ത് ആയിരം രൂപയും പിന്നെ അമ്പത് രൂപ കമ്മീഷനും കൊടുത്തു. ഇയാള്‍ ഒരു നടക്ക് പോവില്ല .. ഞാന്‍ മനസ്സില്‍ പറഞ്ഞു .
ഈ മുറിയുടെ ചാവി എവിടെ ? കൊണ്ടുവാ ? ഞാന്‍ പറഞ്ഞു . അയാള്‍ ഒരു ചാവി കൊണ്ട് വന്നു . ഒരെണ്ണം കൂടിയില്ലേ 
ഉണ്ട് സര്‍ . അതും കൊണ്ട് വാ . ഞാന്‍ ഇപ്പോള്‍ ഇവിടെ വാടകക്ക് താമസിക്കുകയല്ലേ ? അപ്പോള്‍ എനിക്ക് ചാവി വേണം . ഞാന്‍ പറഞ്ഞു .
ഞാന്‍ ചാവി വാങ്ങി വെച്ചു മുറി അടച്ചു .
തുടരും ..... 
ബാക്കി അടുത്ത പോസ്റ്റില്‍ . (അഭിപ്രായം അറിഞ്ഞിട്ടു തുടര്‍ന്നുള്ള പോസ്റ്റുകള്‍ ഇട്ടു വെറുപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാല്ലോ wink emoticon )


No comments:

Post a Comment