Saturday 23 May 2015

തിരിച്ചറിവ്

ഇവിടെ എന്‍റെ ചില സുഹൃത്തുക്കള്‍ ചോദിച്ച ഒരു ചോദ്യം ഉണ്ട്, ഞാന്‍ എഴുതുന്നതില്‍ അതിശയോക്തിയോ, ഏച്ചുകെട്ടിയ കഥകളോ ഉണ്ടോ എന്ന്? അതിന്‍റെ ഉത്തരം വളരെ ലളിതം ആണ്; അതായത്, സത്യം പലപ്പോഴും കഥകളെക്കാള്‍ വിചിത്രം ആണ്! അനുഭവിക്കുന്നവര്‍ക്ക് മാത്രം അറിയുന്ന ഒരു അവസ്ഥ കൂടി ആണത്.
എന്‍റെ യാത്ര ഡയറിയിലെ ഓരോ ഏടും യഥാര്‍ഥ സംഭവങ്ങള്‍ മാത്രമാണ്. ഞാന്‍ സ്വയം അനുഭവിച്ചതും കണ്ടറിഞ്ഞതും ആയ വസ്തുതകള്‍ മാത്രം. ഓരോ ദിവസവും രാത്രി മുടങ്ങാതെ ഡിക്റ്റഫോണില്‍ റെക്കോര്‍ഡ്‌ ചെയ്തു സൂക്ഷിച്ചതും, എഴുതിയതുമായ കാര്യങ്ങള്‍ ഇവിടെക്ക് പകര്‍ത്തുന്നു എന്ന് മാത്രം.
(പിന്നെ ടെന്‍സിംഗ് എന്നത് എന്‍റെ ബുള്ളറ്റിന്റെ പേരാണ്. പലരും മെസ്സേജില്‍ വന്നു ചോദിക്കാറുണ്ട്. ഇനി ആ ചോദ്യം ഒഴിവാകും എന്ന് കരുതുന്നു)
ഇനി തുടര്‍ന്നു വായിക്കാം

<<ഒരേ കാടി ..>>

തുടക്കത്തില്‍ 'രാജുഭായ്' യുടെ കാര്യം പറഞ്ഞത് ഒരു ലൈറ്റ് തുടക്കത്തിനു വേണ്ടി മാത്രം ആയിരുന്നു. പക്ഷെ യാത്രയുടെ ഭൂരിഭാഗവും അങ്ങനെ ആയിരുന്നില്ല. നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ ആത്മാവ് അറിഞ്ഞ സംഭവങ്ങളില്‍ ഒന്നിലേക്കാണ്‌ ഈ അദ്ധ്യായം കടക്കുന്നത്‌.
യാത്രയുടെ പതിന്നാലാം ദിവസം. ഞാന്‍ രാവിലെ ബാരയില്‍ നിന്നും മിര്‍സപൂരിലേക്ക് (ബീഹാറില്‍ നിന്നും മധ്യപ്രദേശിലെക് ) ഉള്ള യാത്രയിലാണ് അന്ന് ഞാന്‍.

തലേന്ന് ഒരു ചെറിയ ലോഡ്ജ് മുറിയില്‍ ആണ് തങ്ങിയത്. അവിടെ കഴിക്കാന്‍ ഒന്നും കിട്ടിയില്ല. എന്തായാലും അതിരാവിലെ തന്നെ അവിടുന്ന് പുറപ്പെട്ടു. യാത്രക്കിടയില്‍ വഴിയരികില്‍ ഒരു ചെറിയ മാടക്കട കണ്ടു. അപ്പോഴേക്കും എട്ട് മണി ആയിട്ടുണ്ടാകും . എന്നോ വാങ്ങി വെച്ച പൊടിയും വെയിലും ഏറ്റു കിടക്കുന്ന കുറച്ചു ലെയ്സ് പാക്കറ്റുകള്‍ ആ പെട്ടിക്കടയില്‍ തൂങ്ങി കിടപ്പുണ്ട്. കട്ടന്‍ചായ അല്ലാതെ വേറെ ഒന്നുമില്ല . ഞാന്‍ ഒരു കപ്പ്‌ ചായ വാങ്ങി കുടിച്ചു. കൂടെ കയ്യില്‍ ഉണ്ടായിരുന്ന രണ്ടു ബിസ്കറ്റുകളും അകത്താക്കി. കടക്കാരനും രണ്ടു ബിസ്കറ്റ് കൊടുത്തു കുറച്ചു നേരം നാട്ടു വര്‍ത്തമാനങ്ങളുമായി അവിടെ ഇരുന്നു. ഇതിനിടയില്‍ ഭക്ഷണം കഴിക്കാന്‍ വല്ല ഹോട്ടലോ മറ്റോ ഉണ്ടാകുമോ എന്ന് ഞാന്‍ തിരക്കി. അവിടെ ചായ കുടിക്കാന്‍ വരുന്നത് പോലും ഒരു ആര്‍ഭാടം ആണെന്ന് പുള്ളിക്കാരന്‍ പറയുമ്പോള്‍ ആണ് ഞാന്‍ അറിയുന്നത്. പിന്നല്ലേ ഹോട്ടല്‍!
"ഇവിടെ എല്ലാവരും പാവപ്പെട്ടവര്‍ ആണ്. ചായക്കടയില്‍ പോയി ആരും കഴിക്കില്ല. അവരവര്‍ക്ക് വേണ്ടത് വീട്ടില്‍ ഉണ്ടാക്കി കഴിക്കും''. കടയുടമ വിശദീകരിച്ചു. ഞങ്ങള്‍ വേറെയും പലതും സംസാരിച്ചു. പൈസയും കൊടുത്ത് ഞാന്‍ ടെന്‍സിങ്ങിനെ വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തു.
സിനിമയില്‍ പറയുന്നത് പോലെ നീലാകാശവും ചുവന്ന ഭൂമിയും മാത്രം. വെയില്‍ കത്തി തുടങ്ങി. 46 - 47 ഡിഗ്രീ ചൂടുണ്ട്. മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡ്‌ മാത്രം. വരണ്ട നിലങ്ങള്‍ പിന്നിട്ടു വയലുകളുടെ നടുവിലൂടെ ഹൈവേ നീണ്ടുകിടക്കുന്നു. വഴിയരികില്‍ എവിടെയും ഒരു കാക്കക്കാലിന്റെ തണല്‍ പോലുമില്ല. തീ പാറുന്ന വെയില്‍. എന്‍റെ കയ്യില്‍ കാലത്ത് വഴിയില്‍ കണ്ട ഒരു ചാമ്പ് പൈപ്പില്‍ നിന്നും നിറച്ച ഒരു കുപ്പി വെള്ളം ഉണ്ടായിരുന്നത് കഷ്ടിച്ച് ഒരു ഗ്ലാസ്‌ ബാക്കി ഉണ്ടാകും. കന്നാസില്‍ കുറച്ചു വെള്ളമുണ്ട്. അത് ഏറ്റവും അടിയന്തിരഘട്ടത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ് . ഇടക്കിടക്ക് ബഫ് ( മുഖം മൂടുന്ന ഉറ ) ഒന്ന് നനച്ച് ഇടും. പത്തു മിനുറ്റ് കൊണ്ട് അത് ആവിയായി പോകും.. വല്ലപ്പോഴും ചെവിയും മൂക്കും നനയ്ക്കും . ഇങ്ങനെയൊക്കെയാണ് ചൂട് നേരിടുന്നത്. നേരം ഒരു മണിയായി. വിശന്നിട്ട്കണ്ണ് കാണുന്നില്ല. തലേന്ന് രാത്രി മുതല്‍ ഉള്ള ആഹാരം ഒരു ഗ്ലാസ്‌ കട്ടനും രണ്ടു ബിസ്കറ്റുമാണ്. അങ്ങനെ മുന്നോട്ടു പോകുമ്പോള്‍, കുറച്ചു ദൂരെ ഒരു മരം കണ്ടു. അടുത്ത് കുറച്ചു കുറ്റിചെടികളും വള്ളിപടര്‍പ്പുകളും ഒക്കെയുണ്ട്. ഞാന്‍ ടെന്‍സിങ്ങിനെ അവിടെ പകുതി വെയിലിലും തണലിലും ഒക്കെയായി സെന്‍റര്‍ സ്റ്റാന്‍ഡില്‍ വെച്ചു . അവന്‍ കുറച്ചു റസ്റ്റ്‌ എടുക്കട്ടെ . ബാക്കിയുള്ള ഇത്തിരി സ്ഥലത്ത് ഞാന്‍ എന്‍റെ മുക്കാലി സ്ടൂള്‍ നിവര്‍ത്തി വെച്ചു മരത്തോടു ചേര്‍ത്തിട്ടു ചാരിയിരുന്നു.
എന്തൊരാശ്വാസം !
ഇനിയിപ്പോ ബിസ്കറ്റ് എങ്കില്‍ ബിസ്കറ്റ്! വിശന്നിട്ടു വയ്യ. വെള്ളം ഒരല്‍പ്പം കാണുമായിരിക്കും. തൊണ്ട നനക്കാം! ബൂട്ടുകള്‍ ഊരി വെച്ചു, ബാഗ്‌ തുറന്നു ബിസ്കറ്റ് കൂട് എടുത്തു പൊട്ടിച്ചു. അപ്പോള്‍ എന്‍റെ വലതു വശത്ത് ആരോ തോണ്ടുന്നു!!
ഇതാരെടാ? ഞാന്‍ നോക്കുമ്പോള്‍ ഒരു കുട്ടി! ഒരു നാലു വയസ്സ് കാണും. അവന്‍ ചിരിച്ചു; ഞാനും. ഇവന്‍ എവിടുന്നു വന്നതായിരിക്കും? പുറകില്‍ പാടങ്ങള്‍ ആണ്. ഞാന്‍ ഇരിക്കുന്ന മരത്തിന്‍റെ ശാഖകള്‍ പാടത്തേക്ക് ചാഞ്ഞുകിടക്കുകയാണ്. പിന്നെ കുറ്റിചെടികളും ഉണ്ട്. അതിനു പുറകില്‍ നിന്നായിരിക്കാം ഈ കുട്ടി വന്നത്. ആ കുട്ടി എന്‍റെ നീ ഗാര്‍ഡ് ( knee guard) ഒക്കെ തൊട്ടു പരിശോധിച്ചു. ഞെക്കി നോക്കി.
'ഇത് വേണോ?' ഞാന്‍ അവനു ബിസ്കറ്റ് കൂട് കാണിച്ചു ആംഗ്യഭാഷയില്‍ ചോദിച്ചു.
'എനിക്കാ?' അവന്‍ തന്‍റെ നെഞ്ചില്‍ തൊട്ടു തിരിച്ചും ആംഗ്യം കാട്ടി.
"ഉം." ഞാന്‍ കൂട് അവന്റെ കയ്യില്‍ കൊടുത്തതും അവന്‍ ശരം വിട്ടത് പോലെ പാഞ്ഞു അപ്രത്യക്ഷന്‍ ആയി .
ഈ കുട്ടി ഇതെങ്ങോട്ട് പോയി? ഞാന്‍ എന്തായാലും പുറകെ പോയി നോക്കാം എന്ന് കരുതി. കുറച്ചു വെള്ളം കിട്ടിയാല്‍ കുടിക്കാമല്ലോ. കുപ്പിയും കക്ഷത്തില്‍ തിരുകി, ബാഗും മറ്റും ഒതുക്കി വെച്ചു ഒരു കൂട് ബിസ്കറ്റും എടുത്തു ഞാന്‍ ആ പടര്പ്പുകളുടെ വശത്തുള്ള വരമ്പിലൂടെ കയറി .
അവിടെ കണ്ട കാഴ്ച! അവിടെ മൂന്ന് നാലു പേര് ഉണ്ട്. പശുവും രണ്ടു കിടാങ്ങളും മേയുന്നുണ്ട്. ഒരു കര്‍ഷക കുടുംബം ആണെന്ന് തോന്നുന്നു. ഉച്ച സമയത്തെ വിശ്രമത്തില്‍ ആവണം. നടന്നടുക്കുമ്പോള്‍ അവിടെ കണ്ട കാഴ്ച അപൂര്‍വമായ ഒന്നായിരുന്നു. ആ നാലുവയസ്സുകാരന്‍ എല്ലാവര്‍ക്കും ബിസ്കറ്റ് കൊടുക്കുന്നു. അവസാനം അവന്‍ തന്‍റെ പങ്കുമായി വരമ്പത്ത് കാലും നീട്ടി ഇരുന്നു രുചിയോടെ തിന്നുതുടങ്ങുന്നു. അപ്പോഴാണ്‌ ഞാന്‍ അവിടേക്ക് ചെല്ലുന്നത്. അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു; കൂടെ ബാക്കിയുള്ളവരും. അടുത്തു അവന്റെ അമ്മ ആണെന്ന് തോന്നുന്നു, അവനേക്കാള്‍ ഇളയ ഒരു കുട്ടിയുമായി കൂനിപിടിച്ചു ഇരിക്കുന്നുണ്ട്. അവരെ ഒരു സ്ത്രീ ആണെന്ന് മാത്രമേ പറയാന്‍ കഴിയു. അസ്ഥികൂടത്തില്‍ തുണി ചുറ്റിയ ഒരു രൂപം മാത്രം.. പട്ടിണിയുടെയും പ്രാരാബ്ധത്തിന്റെയും ജീവനുള്ള പ്രതീകം. അവര്‍ക്ക് നേരെ ഞാന്‍ എന്‍റെ കയ്യില്‍ ഉള്ള ബിസ്കറ്റ് കവര്‍ നീട്ടി.
തനിക്ക് എടുക്കാമോ പാടില്ലയോ? അങ്ങനെയൊരു പരിഭ്രമവും അതിശയവും അവരുടെ മുഖത്തുണ്ട്. കൂടാതെ എന്‍റെ ഭക്ഷണം അവര്‍ തൊടുവാന്‍ പാടുണ്ടോ എന്ന സംശയവും. അതെങ്ങനെ അറിഞ്ഞു എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാവാം . ഏകാന്ത യാത്രകളും വ്യത്യസ്തമായ അനുഭവങ്ങളും ഒരാളെ വാക്കുകള്‍ക്കും അവസ്ഥകള്‍ക്കും അപ്പുറത്തു ചിലത് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ആക്കും എന്ന് മാത്രമാണ് അതിനുള്ള ഉത്തരം.
എന്തായാലും അവര്‍ ബിസ്കറ്റ് എടുത്തു. അവരുടെ ഭര്‍ത്താവു മൂന്നെണ്ണവും മറ്റൊരാള്‍ രണ്ടും എടുത്തു പോക്കെറ്റില്‍ വെച്ചു. ചിലപ്പോള്‍ വീട്ടില്‍ ആര്‍ക്കെങ്കിലും കൊടുക്കാനാവും എന്നൊക്കെ ഞാന്‍ കരുതി. ഞാനും അവരുടെ അടുത്തിരുന്നു,
എന്നാല്‍ എന്നെ അതിശയിപ്പിച്ചുകൊണ്ട് അയാള്‍ ആ ബിസ്കറ്റുകള്‍ ഓരോന്ന് വീതം അവിടെയുണ്ടായിരുന്ന പശുക്കള്‍ക്കും കിടാവുകള്‍ക്കും കൊടുത്തു!!  അങ്ങനെ ഞങ്ങള്‍ എല്ലാവരും കഴിച്ചു. എനിക്കാണെങ്കില്‍ ദാഹം വല്ലാതെയുണ്ട് . ''വെള്ളം കുടിക്കാന്‍ തരുമോ?'' ആംഗ്യവും ഹിന്ദിയും ചേര്‍ത്ത് ഞാന്‍ ചോദിച്ചു. അവര്‍ സംസാരിക്കുന്നത് ഹിന്ദി അല്ലായിരുന്നു.
ഓ തരാമല്ലോ എന്ന അര്‍ഥത്തില്‍ ആ സ്ത്രീ എനിക്ക് ഇടത്തരം ചരുവം പോലയുള്ള പാത്രത്തില്‍ വെള്ളം തന്നു. ഞാന്‍ കുടിച്ചു. ഉപ്പും പുളിയും ഒന്നും തോന്നാത്ത ഒരു വെള്ളം. ഇവരുടെ കഞ്ഞിവെള്ളം ആയിരിക്കും, അങ്ങനെ ഓര്‍ത്തുകൊണ്ട് ഞാന്‍ കുറച്ചു കുടിച്ചു. എന്തോ തരികള്‍ ഒക്കെ അതില്‍ ചേര്‍ത്തിട്ടുണ്ട്. എന്തായാലും കുടിച്ചപ്പോള്‍ നല്ല ഉന്മേഷം തോന്നി; ദാഹവും മാറി. ഞാന്‍ പാത്രം മടക്കി കൊടുത്തു. അപ്പോള്‍ നാലു വയസ്സുകാരന്‍ വന്നു ആ പാത്രം വാങ്ങി അതിലെ വെള്ളം കുറച്ചു കുടിച്ചു.
ആകെ ഒരു പാത്രം വെള്ളമേയുള്ളൂ, അതുകൊണ്ട് എല്ലാവരും അതില്‍ നിന്നു തന്നെ കുടിക്കുകയാണ്. എനിക്കതൊരു പ്രശ്നമായി തോന്നിയില്ല അപ്പോള്‍.
(യാത്രയുടെ ആദ്യ ദിനത്തില്‍ മിനറല്‍ വെള്ളം കുടിച്ചായിരുന്നു
എന്‍റെ ജീവിതം എന്ന് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ. എന്നാല്‍ എന്‍റെ പ്ലാനുകളുടെ അര്‍ത്ഥമില്ലായ്മയും, കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്ന ചില സംഭവങ്ങള്‍ മൂന്നാം ദിനം സംഭവിച്ചു. അത് പിന്നീട് പറയാം.) എന്തായാലും അപരിചിതരോടൊപ്പം ഒരേ പാത്രം പങ്കിടുന്നത് അപ്പോള്‍ എനിക്കൊരു പ്രശ്നമായി തോന്നിയില്ല.

എന്നാല്‍ ഞാന്‍ കാണാന്‍/ പഠിക്കാന്‍ പോകുന്ന അവിസ്മരണീയമായ കാര്യം അതൊന്നുമല്ലായിരുന്നു. ഞങ്ങള്‍ ഇരുന്നിടതെക്ക് പശുക്കുട്ടി ഓടിവന്നു. ആ പാത്രത്തിലുള്ള വെള്ളം അതും കുടിച്ചു. വീട്ടുകാരന്‍ അതിന്‍റെ മുഖത്ത് പറ്റിയ വെള്ളവും പൊടിയും ഒക്കെ തന്‍റെ തോളില്‍ കിടക്കുന്ന തോര്‍ത്ത്‌ എടുത്തു നന്നായി തുടച്ചു. പശുക്കുട്ടി അയാളുടെ അടുത്ത് കിടന്നു അയവിറക്കാന്‍ തുടങ്ങി. പശുക്കുട്ടി കുടിച്ചു കഴിഞ്ഞും അതില്‍ ഇനിയും വെള്ളം ഉണ്ട്. വീട്ടുകാരന്‍ അതെടുത്ത് കുറെ കുടിച്ചു!! എന്തൊരു അനുഭവം! ഞാന്‍ സ്തബ്ധനായി ഇരുന്നു പോയി. ഞാന്‍ എന്താണ് കുടിച്ചത് , കാടിവെള്ളം...!
എല്ലാവരും ഒരേ പോലെ കാടി വെള്ളം. അത് വയറില്‍ ഇളകി മറിയുന്നത് പോലെ.. പക്ഷെ ആ നിമിഷം എനിക്ക് കുറെ തിരിച്ചറിവുകളുടെത് കൂടി ആയിരുന്നു....            തങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍; തങ്ങളെ പോലെ തന്നെ, ഒരു പക്ഷെ അതിലേറെ സ്നേഹിക്കുന്ന മനുഷ്യര്‍. അവിടെ വേറിട്ടൊരു ജീവിതം ഇല്ല. എല്ലാവരും ഉള്ളത് ഒരേ പോലെ പങ്കിടുന്നു; എല്ലാവര്‍ക്കും വിശപ്പ്‌ ഒന്ന് തന്നെ.. കാലികള്‍ക്ക് തിന്നുവാന്‍ പച്ചപ്പുല്ലെങ്കിലും ഉണ്ട്; എങ്കിലും തങ്ങള്‍ കഴിക്കുന്നതെല്ലാം കൊടുത്തും പങ്ക് വെച്ചും സ്നേഹിക്കുന്ന മനുഷ്യര്‍. എനിക്കപ്പോള്‍ യാതൊരു അസ്വസ്ഥതയും തോന്നിയില്ല, എന്ന് മാത്രമല്ല എന്‍റെ ഉള്ളില്‍ ഒരു പുതിയ വെളിച്ചം നിറഞ്ഞിരുന്നു.
ആ നാലു വയസ്സുള്ള പിഞ്ചു ബാലന്‍റെ കാര്യം തന്നെ എടുക്കുക. വിശപ്പിന്റെ വില അറിയുന്ന ആ കുഞ്ഞ് തനിക്കു കിട്ടിയ വിശേഷപ്പെട്ട ആഹാരം ആദ്യം പങ്കു വെക്കുകയാണ്‌ ചെയ്തത്. അവസാനം മാത്രമാണ് ആ കുട്ടി സ്വയം കഴിച്ചത്! ഒരുപക്ഷെ ഈ ഞാന്‍ പോലും കഠിനമായ വിശപ്പ്‌ വരുമ്പോള്‍ എനിക്ക് കിട്ടിയ ആഹാരം ആദ്യം കഴിക്കുമായിരിക്കും; പിന്നീട് മറ്റുള്ളവരെ ഓര്‍ക്കുകയും ചെയ്യും. എന്നാല്‍ ഈ കുട്ടിയോ?
ഈ പാതയില്‍ എനിക്കായി ഒരുക്കിവെച്ചിരുന്ന ഉള്‍ക്കണ്ണ്‍ തുറപ്പിക്കുന്ന അനുഭവങ്ങളില്‍ ഒന്ന്..
ഞാന്‍ അറിയുന്നു... 'യാത്ര തന്നെ ജീവിതം; ജീവിതം തന്നെ യാത്ര...'

No comments:

Post a Comment