Thursday 14 May 2015

രാജു ഭായ് -രണ്ടാം/അവസാന ഭാഗം

 ഹംപിയിലെ രാജു ഭായ് -രണ്ടാം/അവസാന ഭാഗം
*(ഒന്നാം/ആദ്യ ഭാഗം വായിചിട്ടില്ലാത്തവര്‍ ആദ്യ പോസ്റ്റ്‌ നോക്കുക )
ഞാന്‍ ചാവി വാങ്ങി വെച്ചു മുറി അടച്ചു .
കട്ടിലില്‍ വന്നിരുന്നു ഡയറി എടുത്തു .
ടക് ... ടക്
വാതില്ക്കല്‍ രാജു ഭായ്
സാറിന് കഴിക്കാന്‍ എന്താണ് വേണ്ടത് ? അയാളുടെ ചോദ്യം കേട്ടാല്‍ ഒരു മെനു ഇപ്പോള്‍ മാജിക് പോലെ എടുത്തു കാണിക്കും എന്ന് തോന്നും .
'' നിങ്ങള്‍ എന്ത് കഴിക്കുന്നോ അത് . ഞാന്‍ പറഞ്ഞല്ലോ ഞാന്‍ ഒരു ഗ്രാമീണ ജീവിതം ആസ്വദിക്കാന്‍ ആണ് നിങ്ങളുടെ വീട്ടില്‍ താമസിക്കുന്നത് . നിങ്ങള്‍ കഴിക്കുന്നതേ എനിക്ക് തരാവൂ .
ഞങ്ങള്‍ക്കിന്നു ഫ്രൈ റൈസ് ആണ് !
നിങ്ങള്‍ ഫ്രൈ റൈസ് ആണോ ഉണ്ടാക്കുന്നത്
അതെ ഇന്ന് രാത്രി ഫ്രൈ റൈസ് ആണ്
ഉള്ളില്‍ അല്പം നിരാശ തോന്നി ; ഈ ചൈനീസ് ഫുഡില്‍ നിന്നും ഇവിടത്തുകാര്‍ക്കും മോചനമില്ലേ ...
ഒകെ എനിക്കും അത് മതി .
ശരി സര്‍ , ചായ എങ്ങനെ ഉണ്ടായിരുന്നു ?
നല്ല ചായ ആയിരുന്നു ! ഞാന്‍ സത്യസന്ധമായി പറഞ്ഞു .
പിന്നീട് ഒരു അരമണിക്കൂര്‍ ആരും ശല്യപ്പെടുത്താന്‍ വന്നില്ല . ടിവി എനിക്ക് തന്ന മുറിയില്‍ ഒരു സാരി പുതച്ചു ഉറങ്ങുന്നുണ്ടായിരുന്നു . ഞാന്‍ അതിന്റെ പ്ലഗ് പൊയന്ടിലും സമാന ഇടങ്ങളിലും ആയി എന്‍റെ ചാര്‍ജറുകള്‍ ഫിറ്റ്‌ ചെയ്തു .
അങ്ങനെ ഫ്രൈ റൈസിനു സമയം ആയി . എനിക്കാണെങ്കില്‍ നല്ല വിശപ്പുണ്ട് .
ഒരു പ്ലേറ്റില്‍ അപ്പോള്‍ മുറിച്ചെടുത്ത വാഴയിലയില്‍ ഫ്രൈ റൈസ് വിളമ്പി വെച്ചിട്ടുണ്ട് ഗൃഹനാഥയായ മംഗളമ്മ .
സോണമസൂരി ചോറില്‍ മഞ്ഞളും മുളകും ചേര്‍ത്ത് വറുത്തതില്‍ അങ്ങിങ്ങായി കാരറ്റുകഷണങ്ങള്‍ , ബീന്‍സ് കഷണങ്ങള്‍ ഒക്കെ അലങ്കാരത്തിനു വെച്ചിട്ടുണ്ട് .. ഫ്രൈ റൈസ് . ഞാന്‍ അത് മുഴുവന്‍ അകത്താക്കി , സീരിയല്‍ കാണാതെ വിങ്ങുന്ന മംഗളമ്മക്ക് നന്ദി പറഞ്ഞു ഉറങ്ങാന്‍ കിടന്നു ... ശുഭരാത്രി .. പുറത്ത് ഗ്രാമത്തിന്റെ നിശബ്ദത , പശുക്കള്‍ ഇടക്ക് കരയുന്നു , രാക്കിളികള്‍ പാടുന്നു .. ഞാന്‍ എപ്പോഴോ ഉറങ്ങിപ്പോയി ..
കാലത്ത് ഉറക്കം കഴിഞ്ഞു പുറത്തിറങ്ങി . നല്ല അന്തരീക്ഷം .. ശുദ്ധമായ വായു . വീട്ടിനു പുറത്ത് ഒരാളുടെയും അനക്കമില്ല . എല്ലാവരും എവിടെ ? അപ്പോള്‍ തോട്ടത്തില്‍ നിന്നും ഒച്ച കേട്ടു . അവിടെ ചെന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പാകമായ കായക്കുലകള്‍ മുറിച്ചു ഒരു മിനി ടെമ്പോ യില്‍ കയറ്റുകയാണ് .
ഞാന്‍ ദേവരാജ് , രാജുഅണ്ണന്‍റെ ബന്ധു , അയാള്‍ സ്വയം പരിചയപ്പെടുത്തി .
അവരെല്ലാം എവിടെ ?
അവരൊക്കെ റസ്റൊരന്റില്‍ പോയി . രാവിലെ തുറക്കണ്ടേ ?
ആഹാ നന്നായി ഇവര്‍ക്ക് ഹോട്ടല്‍ ഉണ്ടോ ?
സാറിന് ബ്രേക്ക് ഫാസ്റ്റ് വേണ്ടേ . ഞാന്‍ ഇപ്പൊ തന്നെ അവിടെ പോയി കൊണ്ടുവരാം . ഇതും പറഞ്ഞു ദേവരാജ് അപ്രത്യക്ഷനായി .
രണ്ടര ഷവറില്‍ കുളിച്ചു ഞാന്‍ വേഗം റെഡി ആയി . വേഗം കഴിച്ചു രാവിലെ തന്നെ ഹമ്പി കാണാന്‍ പോണം . ക്യാമറകള്‍ ഒക്കെ എടുത്തു വെച്ചു . അടുത്ത് തന്നെയാണ് ഹമ്പി ; അതുകൊണ്ട് നടന്നാണ് പോകുന്നത് .
ദേവരാജ് വേഗം വന്നു . കയ്യില്‍ ഒരു അഞ്ചിഞ്ചു വലിപ്പമുള്ള കറുത്ത പ്ലാസ്റിക് കവര്‍ .
( നമ്മുടെ നാട്ടില്‍ നിരോധിച്ച റീ സൈക്കിള്‍ ചെയ്ത പ്ലാസ്റിക് കവര്‍ ആണത് ) അതിനുള്ളില്‍
' കന്നടമ്മ ഡൈലി ' പത്രക്കടലാസില്‍ വിശ്രമിക്കുന്ന രണ്ടു ഇഡ്ഡലികള്‍ , മുകളില്‍ ഒരു ഭംഗിക്ക് കുറച്ചു ചമ്മന്തി . തീര്‍ന്നില്ല , വേറെ ഒരു വെള്ള പ്ലാസ്റ്റിക്‌ കൂടില്‍ കുറച്ചു ചായ നിറച്ചു കെട്ടിയിട്ടുണ്ട് ; കൂടെ ഒരു പേപ്പര്‍ കപ്പും .
ഞാന്‍ മാതൃഭാഷയില്‍ നാക്കില്‍ വന്ന ചില വാക്കുകള്‍ വിഴുങ്ങി
'' മി ദേവരാജ് , ഇങ്ങനെയാണോ നിങ്ങള്‍ ഒരു അതിഥിയോട് പെരുമാറുന്നത് ? കുറഞ്ഞ പക്ഷം നിങ്ങള്‍ ഈ ഭക്ഷണം ഒരു പാത്രത്തില്‍ വിളമ്പി കൊണ്ടുവന്നു തന്നിരുന്നെങ്കില്‍ എത്ര മോശമാണെങ്കിലും ഞാന്‍ കഴിച്ചേനെ . തനിക്കൊന്നും ഒരു മര്യാദ ഇല്ലേ ? കഷ്ടം . ഇന്നാ , ഇത് ഇയാള്‍ കൊണ്ട് പോയി എന്താന്ന് വെച്ച ചെയ്യ്‌ , ഞാന്‍ പുറത്തു നിന്നു കഴിച്ചോളാം .'' ഞാന്‍ ആ കവര്‍ വരാന്തയിലേക്ക്‌ അങ്ങിനെ ഇട്ടു. . ആ ചായ എടുത്തു ഗ്ലാസില്‍ ഒഴിച്ച് കുടിച്ചു .
സോറി സര്‍ , അറിയാതെ പറ്റിപ്പോയി സര്‍ , ഇനി ഇങ്ങനെ ഉണ്ടാവില്ല സര്‍ .. ദേവരാജ് പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ . ഞാന്‍ അയാളെ ശ്രദ്ധിക്കാതെ ഹമ്പിയിലെക്ക് നടന്നു .
സാറെ സോറി , ഇവിടെ അടുത്ത് തന്നെയാ നമ്മുടെ റസ്റ്റ്‌റെന്റ് .അവിടെ കഴിക്കാം . ദേവരാജ് വിടുന്ന മട്ടില്ല . ഞാന്‍ ഒന്നയഞ്ഞു . ശരി നോക്കാം . ഞങ്ങള്‍ മെയിന്‍ റോഡില്‍ ഒരു ചെറിയ കലുങ്കിനടുത്ത് എത്തി. . രണ്ടു മൂന്നു കൊച്ചു പെട്ടിക്കടകള്‍ ഉള്ള ഒരു സ്ഥലം .
ഇതാ സര്‍ റസ്റ്റ്‌റെന്റ് !
എവിടെ ?
ദേ , ഇത് തന്നെ .. ദേവരാജ് ഉത്സാഹത്തോടെ ചൂണ്ടി . ഒരു ചെറിയ ഡസ്ക് , രണ്ടു സ്റ്റൂളുകള്‍ . പുറകില്‍ മംഗളമ്മ ഇരിക്കുന്നുണ്ട് . മുന്‍പില്‍ ഒരു തട്ടില്‍ ഇഡ്ഡലി നിരത്തി വെച്ചിരിക്കുന്നു . ഒരു അലുമിനിയ പാത്രത്തില്‍ ചമ്മന്തി .
വാ വാ അവര്‍ എന്നെ കൈ കാട്ടി വിളിച്ചു . ഞാന്‍ കേള്‍ക്കാത്ത മട്ടില്‍ ആഞ്ഞു നടന്നു .
ദേവരാജ് പുറകെ ഓടി വന്നു .
ഞാന്‍ ഉച്ചക്ക് വീട്ടില്‍ വന്നു കഴിച്ചോളാം ഇപ്പോള്‍ എനിക്കൊന്നും വേണ്ട . ഞാന്‍ ദേവരാജിനോട് പറഞ്ഞു .
ഹംപിയിലേക്ക് ഉള്ള വഴിയില്‍ ഒരു ചെറിയ ഉന്തുവണ്ടിയില്‍ ഒരു പയ്യന്‍ നല്ല ഒന്നാന്തരം പൂരിയും കിഴങ്ങുകറിയും വില്‍ക്കുന്നു . ഞാന്‍ അതുവാങ്ങി കഴിച്ചു കാഴ്ചകളുടെ വിരുന്നുണ്ണാന്‍ പുറപ്പെട്ടു.
ഹംപി എനിക്ക് കുറെയേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു . എല്ലാം വിശദമായിത്തന്നെ കണ്ടും അനുഭവിച്ചും കുറെ നേരം ചിലവഴിച്ചു . നന്നായി വിശന്നു തുടങ്ങിയപ്പോള്‍ വാച്ചില്‍ സമയം ഒന്നര ആകുന്നു . ഇനി മടങ്ങാം രാജുഭായിയും മംഗളമ്മയും ഇപ്പോള്‍ ഭക്ഷണം റെഡി ആക്കി കാത്തിരിക്കുകയായിരിക്കും . ഞാന്‍ അവരുടെ വീട്ടിലേക്കുള്ള വഴിയിലൂടെ തണല്‍ പറ്റി വേഗം നടന്നു . വീടിനു പുറത്ത് മുളങ്കാലും ചാരി താടിക്ക് കയ്യും കൊടുത്ത് മംഗളമ്മ വെറ്റിലയും ചവച്ചു ചിന്തവിഷ്ടയായി ഇരിപ്പുണ്ട് . രാജുഭായി , ദേവരാജ് ഇവരൊന്നും അവിടെ ഇല്ല . എല്ലാം തീറ്റയും കഴിഞ്ഞു പോയോ ?
സാറ് വെല്ലോം കഴിച്ചോ ? മംഗളമ്മ സ്നേഹപൂര്‍വ്വം അന്വേഷിച്ചു .
'' അതെങ്ങനെ ? നിങ്ങളോട് ഞാന്‍ ഉച്ചക്ക് ഉണ്ണാന്‍ വരും എന്ന് പറഞ്ഞിട്ടല്ലേ പോയത് ?'' ഇവിടെ ഒന്നും ഉണ്ടാക്കിയില്ലേ ? നിങ്ങളാരും ഉച്ചക്ക് ഒന്നും കഴിക്കുകയില്ലേ ? ഞാന്‍ ചോദിച്ചു .
മറുപടി ഒരു മറുചോദ്യം എന്‍റെ നേര്‍ക്ക് വന്നു
സാറിന് കഴിക്കാന്‍ എന്താ വേണ്ടത് ? ഇപ്പൊ ഉണ്ടാക്കി തരാം . തൈര് സാദം ?
മംഗളമ്മ എഴുന്നേറ്റു സാരിയൊക്കെ വലിച്ചുകുത്തി അടുക്കളയിലേക്ക് പ്രവേശിക്കാന്‍ തയ്യാറായി . ഇവര്‍ ഒരു മടിച്ചി ആണെന്ന് എനിക്ക് മനസ്സിലായി . ശരി തൈര് സാദം എങ്കില്‍ തൈര് സാദം ; എനിക്കിഷ്ടമുള്ള ആഹാരം ആണത് എന്നൊക്കെ സ്വയം പറഞ്ഞു മനസ്സിനെ ആശ്വസിപ്പിച്ചു .. ഞാന്‍ തൈര് സാദം പ്രതീക്ഷിച്ചു അകത്തു ഇരുന്നു , വിശന്നിട്ടാണെങ്കില്‍ കുടലു കരിയുന്നു , തലയും നോവുന്നു . മണി രണ്ടു കഴിഞ്ഞു . ഞാന്‍ ക്ഷമ കെട്ടു പുറത്തു വന്നു .
ഇപ്പൊ തരാം സര്‍ . മംഗളമ്മ അനങ്ങാപ്പാറ പോലെ നില്‍ക്കുകയാണ് . അപ്പോള്‍ ഒരു ചെറുക്കന്‍ വിട്ടില് പോലെ ചാടി വന്നു . അവനാണ് ചിരഞ്ജീവി ! അവന്‍ വന്ന പാടെ മംഗളമ്മ കയ്യില്‍ ചുരുട്ടിവെച്ച പൈസ അവനു കൊടുത്തു .
'' പോയി തൈര് മേടിച്ചോണ്ട് വാ !''
എന്‍റെ തൈര്‍ സാദത്തിനുള്ള പ്രധാന ഉല്പന്നം കടയില്‍ ഇരിക്കുന്നെയുള്ളൂ എന്ന് അപ്പോഴേക്കും നിസ്സഹായതയോടെ ഞാന്‍ മനസ്സിലാക്കിയിരുന്നു. . മണി രണ്ടര.... രണ്ടേമുക്കാല്‍ ...
അവസാനം പ്ലേറ്റില്‍ വിരിച്ച തൂശനിലയില്‍ നല്ല ഒന്നാന്തരം തൈരുസാദം എത്തി !! . ഈ തള്ളയുടെ കൈപ്പുണ്യം അപാരം .. പക്ഷെ കൂടെ ഒന്ന് തൊട്ടുകൂട്ടാന്‍ ചുറ്റും നോക്കിയിട്ടും ഒന്നും വെച്ചിട്ടില്ല എന്ന് മനസ്സിലായി . അപ്പോഴാണ് ഓര്‍ത്തത് . കയ്യില്‍ ഉണ്ടല്ലോ പതിനേഴു നാള്‍ മുന്‍പ് പായ്ക്ക് ചെയ്ത നല്ല കടുമാങ്ങ ! അവനെ തൊട്ടുകൂട്ടി ഉഷാറായി ഞാന്‍ തൈരുസാദം അടിച്ചു . ഇനി ഒരു ചെറിയ വിശ്രമം ..
അല്‍പ്പനേരം ഒരു മയക്കം . അത് കഴിഞ്ഞു എടുത്ത ഫോട്ടോസ് എല്ലാം ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റി ബാറ്ററികള്‍ എല്ലാം ചാര്‍ജ് ചെയ്യാന്‍ ഇട്ടു . നേരം നാലു മണി കഴിയുന്നു . ഞാന്‍ ഇറങ്ങി പുഴവക്കിലെക്ക് നടന്നു . തുന്ഗഭദ്ര അങ്ങനെ ശാന്തമായി ഒഴുകുന്നു . നീന്തിതുടിക്കുന്ന കുട്ടികള്‍ , കുളിക്കുന്നവര്‍ , അലക്കുന്നവര്‍ കൂടെ ഗ്രാമത്തിലെ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ചു കൈമാറുന്നുണ്ടാകാം. തിരക്കൊഴിഞ്ഞ ഭാഗത്ത്‌ ഞാന്‍ ഇറങ്ങി നന്നായി ശരീരം തണുക്കും വരെ കുളിച്ചു . എന്തൊരു സുഖം . കുളി കഴിഞ്ഞു വീണ്ടും നാട്ടുവഴികള്‍ ചുറ്റി ഒരു ചായയും കുടിച്ചു മടങ്ങിയെത്തിയപ്പോള്‍ ഏഴു മണിയായി . നാളെ അതിരാവിലെ പുറപ്പെടണം . ബാഗുകള്‍ പായ്ക്ക് ചെയ്തു ടെന്‍സിങ്ങിനെ റെഡി ആക്കി നിര്‍ത്തണം . നാളെ കാസര്‍ഗോഡ് ആണ് തീരുമാനിച്ചിരിക്കുന്നത് , ഇവിടെ നിന്നും 485 കി മി ഉണ്ട് .
വൈകുന്നേരം രാജു ഭായി വന്നു .
സാറിന് രാത്രി കഴിക്കാന്‍ എന്താണ് വേണ്ടത് ?
നിങ്ങള്‍ എന്ത് കഴിക്കുന്നോ അത് ? ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ എനിക്കുവേണ്ടി നിങ്ങള്‍ ഒന്നും ഉണ്ടാക്കണ്ട . നിങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്നും ഒരു പങ്ക് എനിക്ക് തരിക . മനസ്സിലായോ ? ഞാന്‍ ശാന്തനായി പറഞ്ഞു .
ശരി സര്‍ .
എട്ടരമണിയോടെ അത്താഴം എത്തി .
പാത്രത്തില്‍ ഇലയിട്ട് അതില്‍ ചൂട് ചോറ് . വശത്ത് ഒരു കപ്പില്‍ രസം . പിന്നെ ഒന്നില്‍ മുട്ട ചിക്കി വറുത്തത് ( ചുവന്ന മുളക് ആണ് ചേര്‍ത്തിരിക്കുന്നത് ) , കുറച്ചു ഉള്ളിക്കഷണങ്ങള്‍ . നല്ല വിശപ്പുണ്ട് . ഞാന്‍ സ്വാദോടെ ഉണ്ടു. ഉഗ്രന്‍ രസം . ഊണ് കഴിഞ്ഞു ഞാന്‍ ഒരു കപ്പു രസം കൂടി വാങ്ങി കുടിച്ചു ( എക്സ്ട്രാ !)
താലി ഭക്ഷണം ഇഷ്ടപ്പെട്ടോ ? രാജു അന്വേഷിച്ചു
അപ്പൊ ഇത് താലി ആയിരുന്നോ !! ഞാന്‍ ഓര്‍ത്തു
'' വളരെ ഇഷ്ടപ്പെട്ടു ,'' ഞാന്‍ പറഞ്ഞു
സാറ് എക്സ്ട്രാ രസവും കുടിച്ചു .. '' അതെ !''
സാര്‍ നാളെ വെളുപ്പിന് പോവുമല്ലോ , അപ്പോള്‍ ഇപ്പൊ കഴിച്ച താലി ഉള്‍പ്പടെ 260 രൂപ ആഹാരത്തിനായി .....
അയാള്‍ വിശദീകരിച്ചു , '' താളിക്ക് 200 രൂപ , സാദം 40 രൂപ , ഇന്നലെ കുടിച്ച കട്ടഞ്ചായ 20 രൂപ !
ഇരുപതു രൂപയോ ? ഞാന്‍ വാ പൊളിച്ചുപോയി
അതെ സര്‍ , അത് സ്പെഷ്യല്‍ കട്ടന്‍ ആയിരുന്നു . പിന്നെ സാറിന് തന്ന ബ്രേക്ക്‌ ഫാസ്റ്റ് കോംപ്ലിമെന്‍ററി ആയിരുന്നു ... അതാണ് സര്‍ എടുത്ത് എറിഞ്ഞത് !!!
ഞാന്‍ ചിരിക്കണോ ? കരയണോ ?
ഇതാ 300 രൂപ ! വെച്ചോ , ബാക്കി ടിപ് !!
ഞാന്‍ മുറിയില്‍ കയറി വാതില്‍ അടച്ചു . അലാറം സെറ്റ് ചെയ്ത ഉറങ്ങാന്‍ കിടന്നു .
രാവിലെ നാലു മണിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ രാജു ഭായി ഒരു ചെറിയ ഗ്ലാസില്‍ ഒരു ഔണ്‍സ് കട്ടന്‍ കൊണ്ട് തന്നു .
'' ഇതിനെത്രയാ ?'' ഞാന്‍ ചോദിച്ചു ..
അയ്യോ അങ്ങനൊന്നും പറയരുത് സര്‍ , സര്‍ ഞങ്ങളുടെ ഗസ്റ്റ് അല്ലെ . ഇപ്പൊ പോകുവല്ലേ അതാണ് .
ഞാന്‍ തലയാട്ടി , ''ഉം , ഞാന്‍ നിങ്ങളുടെ ഗസ്റ്റ് .. ഒരു ഗസ്ടിനോട് ഇങ്ങനെ ആണോ പെരുമാറുന്നത് ? ഇപോ കുടിച്ച ചായ ഇന്നലെ ഞാന്‍ തന്ന ടിപ്പില്‍ വകവേച്ചോ '', ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ..
'' സോറി സര്‍ , സോറി . സാറ് ഞങ്ങളുടെ വഴികാട്ടിയാണ് . ഞാന്‍ ഈ ബിസിനെസ്സ് തുടങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു . സാറ് ഇനീം വരണം !!''
ഞാന്‍ ഇതുകേട്ട് പുളകിതനായി ടെന്‍സിങ്ങിനെ തലോടി സ്റ്റാര്‍ട്ട്‌ ചെയിതു.

അടുത്ത ലക്‌ഷ്യം 485 കിലോ മീറ്റര്‍ അകലെ ....എന്‍റെ കേരളത്തിലേക്ക്....... smile emoticon






No comments:

Post a Comment